width= ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു പോലെ തന്നെ അത് ശ്രവിക്കുന്നതും പ്രതിഫലാര്‍ഹമാണ്. അതിനാല്‍, ശ്രവിക്കുന്നവനും ചില മര്യാദകള്‍ പാലിച്ചിരിക്കണം.


ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിച്ചുകേള്‍ക്കണ്ടതാണ്. അല്ലാഹു പറയുന്നു: ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങള്‍ അതിന് ചെവി കൊടുത്ത് കേള്‍ക്കുകയും അടങ്ങിയിരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം (7:204). ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും അടങ്ങിയിരിക്കാനുമുള്ള അല്ലാഹുവിന്റെ കല്‍പനയുടെ സ്ഥിതിയെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. കേള്‍ക്കുക, അടങ്ങിയിരിക്കുക എന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. കല്‍പനയുടെ ബാഹ്യാര്‍ത്ഥം നിര്‍ബന്ധത്തെക്കുറിക്കുന്നു. അങ്ങനെയാകുമ്പോള്‍, കേള്‍വി, അടങ്ങിയിരിക്കല്‍ എന്നിവ നിര്‍ബന്ധമാണെന്നു വരുന്നു. ഇവ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ പല പ്രസ്താവങ്ങളാണുള്ളത്. ഹസന്‍ ബസ്വരിയും ബാഹ്യാര്‍ത്ഥം കല്‍പിക്കുന്നവരും പറയുന്നു: ഈ ആയത്തിന്റെ പൊരുള്‍ വളരെ വ്യാപകമാണ്. അപ്പോള്‍, സ്ഥലകാല വ്യത്യാസമില്ലാതെ എവിടെ ഖുര്‍ആന്‍ ഓതപ്പെട്ടാലും എല്ലാവര്‍ക്കും അത് ശ്രദ്ധിച്ചുകേള്‍ക്കലും അടങ്ങിയിരിക്കലും  നിര്‍ബന്ധമാകും (തഫ്‌സീര്‍ ജമല്‍). പ്രസ്തുത ആയത്തിന്റെ പ്രമേയം വെള്ളിയാഴ്ച ഖുഥുബ സംബന്ധിച്ചാണെന്ന അഭിപ്രായവും അതിന്റെ ആഖ്യാനത്തില്‍ പറയുന്നുണ്ട്. ഏതായാലും ഖുര്‍ആന്‍ പാരായണ നേരത്ത് അത് ശ്രദ്ധിക്കലും മൗനം കൈക്കൊള്ളലും സുന്നത്ത് തന്നെയാണ്.


പുണ്യമുള്ള ഒരു ആരാധനയാണ് ഖുര്‍ആന്‍ ശ്രവിക്കുക എന്നത്. പ്രവാചകന്‍ പറയുന്നു: പ്രബോധനകനും വിശ്വാസിയും പ്രതിഫലത്തില്‍ പങ്കാളികളാണ്. ഖുര്‍ആന്‍ ഓതുന്നവനും കേള്‍ക്കുന്നവനും പ്രതിഫലത്തില്‍ പങ്കാളികളാണ്. പണ്ഡിതനും ശിഷ്യനും പ്രതിഫലത്തില്‍ പങ്കാളികളാണ് (ജാമിഉസ്സഗീര്‍, ദൈലമി). അബൂ ഹുറൈറയില്‍നിന്നും അഹ്മദ് (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ സൂക്തങ്ങളില്‍ നിന്നും ഒരു സൂക്തം ഒരാള്‍ ശ്രദ്ധിച്ചുകേട്ടാല്‍ വര്‍ദ്ധമാനമായ ഗുണത്തെ അവന് എഴുതപ്പെടുന്നതാണ്. അബൂ മൂസല്‍ അശ്അരി (റ) ഒരു രാത്രി ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. പ്രവാചകന്‍ അത് ശ്രദ്ധിച്ചുകേട്ടു. അടുത്ത ദിവസം പ്രവാചകന്‍ പറഞ്ഞു: ഇന്നലെ താങ്കളുടെ ഖുര്‍ആന്‍ പാരായണം ഞാന്‍ ശ്രവിച്ചിരുന്നത് താങ്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍...അബൂ മൂസല്‍ അശ്അരി (റ) പറഞ്ഞു: അല്ലാഹുവാണെ സത്യം. അങ്ങ് ശ്രദ്ധിക്കുന്നത്  ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞാനത് വളരെ ഭംഗിയായി ഓതുമായിരുന്നു (മുസ്‌ലിം).


അവിശ്വാസികള്‍ക്ക് ഖുര്‍ആന്റെ വശ്യത ശരിക്കും അറിയാമായിരുന്നുവെങ്കിലും അനുയായികളെ അതില്‍ പെട്ടുപോകാതെ സൂക്ഷിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു:
''അവിശ്വാസികള്‍ പറഞ്ഞു: ഈ ഖുര്‍ആന് നിങ്ങള്‍ ചെവി കൊടുക്കരുത്. അതില്‍ നിങ്ങള്‍ ഒച്ചപ്പാടുണ്ടാക്കുവിന്‍. നിങ്ങള്‍ വിജയിച്ചേക്കും (41:26).


പ്രവാചകന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കാതെയും മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ അനുവദിക്കാതെയും മുശ്‌രിക്കുകള്‍ ചൂളംവിളിച്ചും അട്ടഹസിച്ചും ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുക പതിവായിരുന്നു. ഹൃദയങ്ങള്‍ ആകര്‍ഷിക്കത്തക്ക നിലയിലായിരുന്നു പ്രവാചകന്‍ പാരാണം ചെയ്തിരുന്നത്. അതിനാല്‍, അത് ശ്രവിക്കുന്നവര്‍ അറിയാതെ അതില്‍ വീണുപോകുമായിരുന്നു. ഈ ഭയമായിരുന്നു അവരെ ഇങ്ങനെ ചെയ്യാന്‍ പ്രരിപ്പിച്ചിരുന്നത് (സ്വാവി).
വിശ്വാസിയായ ഒരാളില്‍ ഖുര്‍ആന്‍ ചെലുത്തുന്ന പ്രതികരണം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: 'അത്യുത്തമമായ ഈ വചനത്തെ പരസ്പരം സാദൃശ്യമുളളതും ആവര്‍ത്തിക്കപ്പെടുന്നതുമായ ഗ്രന്ഥമായി അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ നാഥനെ പേടിക്കുന്നവരുടെ ചര്‍മങ്ങള്‍ കമ്പനം കൊള്ളുകയും  പിന്നെ, അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക് അണഞ്ഞു ചേരുന്നതുമാകുന്നു (അസ്സുമര്‍: 23).


ഖുര്‍ആന്‍ കേള്‍ക്കുമ്പോഴുള്ള വിശ്വാസിയുടെ അവസ്ഥയാണ് അല്ലാഹു വിവരിച്ചത്. അല്ലാഹുവിന്റെ ഭീഷണികള്‍ പറയപ്പെടുമ്പോള്‍ ഭയാധിക്യത്താല്‍ അവന്‍ സ്വയം ചെറുതാകുകയും വാഗ്ദാനങ്ങള്‍ പറയപ്പെടുമ്പോള്‍ പ്രത്യാശ അവനെ അതിജയിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവന്റെ ആത്മാവ് ശാന്തമാവുകയും   ഹൃത്തടം വിശാലമാവുകയും ചെയ്യും. ഒരടിമയെ സംബന്ധിച്ചിടത്തോളം ഭീതിയും പ്രത്യാശയുമെല്ലാം ഒരു പക്ഷിയുടെ ഇരു ചിറകുകള്‍പോലെ സഹവസിക്കേണ്ടതാണ്. അതിലൊന്നില്ലാതെയാകുമ്പോള്‍ താഴെ വീഴും (സ്വാവി).


ഖുര്‍ആന്‍ മറ്റുള്ളവരില്‍നിന്ന് പാരായണം ചെയ്തുകേള്‍ക്കലും കേള്‍ക്കുമ്പോള്‍ കരയലും സുന്നത്താണ്. ഒരിക്കല്‍ പ്രവാചകന്‍ ഇബ്‌നു മസ്ഊദിനോട് തനിക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ചോദിച്ചു: ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങയെ ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: അതെ, ഖുര്‍ആന്‍ മറ്റൊരാളില്‍നിന്ന് ഓതിക്കേള്‍ക്കലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇബ്‌നു മസ്ഊദ് സൂറത്തുന്നിസാഅ് ഓതിക്കേള്‍പിച്ചു. എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇവരുടെമേല്‍ സാക്ഷിയായി അങ്ങയെ നാം കൊണ്ടുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്നിങ്ങനെ പ്രതിപാദിക്കുന്ന അതിലെ നാല്‍പതാമത്തെ വചനത്തിലെത്തിയപ്പോള്‍ പ്രവാചകന്‍ നിറുത്താന്‍ ആവശ്യപ്പെട്ടു. നോക്കുമ്പോള്‍ അവിടത്തെ കവ്‌ളിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. മറ്റൊരിക്കല്‍ ഉബയ്യു ബിന്‍ കഅബ് (റ) വിനോട് താങ്കള്‍ക്കു ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുവാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിട്ടുണ്ട് എന്ന് പ്രവാചകന്‍ പറയുകയുണ്ടായി. ഈ രണ്ടു സംഭവവും ബുഖാരിയിലും മുസ്‌ലിമിലും കാണാം. ഉമര്‍ (റ) അബൂ മൂസാ (റ) വിനോട് പലപ്പോഴും ഖുര്‍ആന്‍ ഓതിക്കേള്‍പിക്കാന്‍ പറയാറുണ്ടായിരുന്നു.


നജാശി രാജാവിന്റെ ഒരു നിവേദക സംഘം ഒരിക്കല്‍ പ്രവാചകരുടെ അടുക്കല്‍ വന്നു. തിരുമേനി അവര്‍ക്ക് സൂറത്ത് യാസീന്‍ ഓതിക്കേള്‍പിച്ചു. അതു കേട്ടപാടെ അവരുടെ ഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങളുണ്ടായി. അവര്‍ ഇസ്‌ലാം മതം വിശ്വസിച്ചു. ഈ സംഭവത്തെ അധികരിച്ച് ഖുര്‍ആന്‍ ഇറങ്ങിയത് ഇപ്രകാരമാണ്: ''പ്രവാചകന് ഇറക്കപ്പെട്ടത് അവര്‍ കേട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് അറിയാന്‍ കഴിഞ്ഞ സത്യം കാരണമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞൊഴുകുന്നത് നീ കാണും (5:83).


സജദയുടെ ആയത്തുകള്‍ കേള്‍ക്കുമ്പോള്‍ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. വുളൂ പോലെയുള്ള നിസ്‌കാരത്തിലെ സുജൂദിന്റെ എല്ലാ ശര്‍ത്തുകളും ഓത്തിന്റെ സുജൂദ് ചെയ്യുന്നവനും പാലിച്ചിരിക്കണം. ശബ്ദകോലാഹലങ്ങളും അന്യസംസാരങ്ങളും ഓത്തുകേള്‍ക്കുന്നവന്‍ ഉപേക്ഷിക്കണം. പിഴവുകളോടെയും ഓത്തിന്റെ നിയമങ്ങള്‍ പാലിക്കാതെയുമുള്ള ഓത്തു കേള്‍ക്കാന്‍ പാടുള്ളതല്ല. അത് ചെവിയുടെ വിപത്തിലാണ് മഹാന്മാര്‍ എണ്ണിയിട്ടുള്ളത്. അത്തരം ഖിറാഅത്തുകള്‍ സാധിക്കുമെങ്കില്‍ തടയേണ്ടതുമാണ്. അല്ലെങ്കില്‍, അവിടെം വിട്ടുപോവുകയെങ്കിലും വേണം.
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. സ്രഷ്ടാവിന്റെ വചനങ്ങളും സൃഷ്ടിയുടെ വചനങ്ങളും തമ്മില്‍ വളരെ അന്തരം കാണും. അതു സ്വാഭാവികവുമാണ്. ഖുര്‍ആന്‍ വചനങ്ങളുടെ സ്വാധീന ശക്തിക്ക് തെളിവുകളെമ്പാടുമുണ്ട്. മറ്റു ഏതു വചനങ്ങള്‍ക്കും സ്വാധീന ശക്തിയുടെ കാര്യത്തില്‍ ഇത്രയും വശ്യതയുള്ളതായി കാണുകയില്ല. ഖുര്‍ആന്റെ അടിത്തറ ത്‌നെ സ്ഥാപിതമായത് ഖുര്‍ആന്‍ കേള്‍വി വഴിയാണെന്ന് പറയാവുന്നതാണ്. ''ഈ ഖുര്‍ആന്‍ ഒരു പര്‍വതത്തിന് ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍ അത് അല്ലാഹുവെ പേടിച്ചതിനാല്‍ താഴ്മ കാണിക്കുന്നതായും പൊട്ടിക്കീറുന്നതായും നീ കാണുമായിരുന്നു'' (59:21) എന്ന് അല്ലാഹു പറയുന്നത് സ്രഷ്ടാവിന്റെ വചനങ്ങളുടെ ശക്തിയാണ് വ്യക്തമാക്കുന്നത്. പക്ഷെ, മുന്‍വിധി വെച്ച് ഖുര്‍ആന്‍ കേള്‍ക്കുന്നവരില്‍ അതിന്റെ സ്വാധീനത ദര്‍ശിക്കാന്‍ സാധിക്കുകയില്ലെന്നത് ശരിയാണ്. കാരണം, അവര്‍ ഭാഗ്യദോഷികളായിരിക്കും. അല്ലാഹു പറയുന്നു: ''നീ ഖുര്‍ആന്‍ ഓതിയാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും നിന്റെയുമിടയില്‍ ഒരു മറയുണ്ടാക്കുന്ന തടസ്സം നാം ഉണ്ടാക്കും'' (17:54).


ഉസൈദു ബ്‌നു ഹുളൈര്‍ എന്ന സ്വഹാബി ഒരിക്കല്‍ അല്‍ ബഖറ ഓതിക്കൊണ്ടിരിക്കുകയായിരുന്നു.  അപ്പോള്‍ അദ്ദേഹത്തിനടുത്ത് തളച്ചിട്ടിരുന്ന കുതിര വട്ടം ചുറ്റാന്‍ തുടങ്ങി. അദ്ദേഹം ഓത്തു നിര്‍ത്തി. കുതിര ചാട്ടവും നിര്‍ത്തി. ഒന്നു രണ്ടു തവണ ഇതാവര്‍ത്തിക്കപ്പെട്ടു. ഓതുമ്പോള്‍ കുതിര ചാടുന്നു. നിര്‍ത്തുമ്പോള്‍ കുതിര അടങ്ങുന്നു. തന്റെ മകന്‍ യഹ്‌യ കുതിരയുടെ സമീപത്തായതിനാല്‍ അവന് വല്ല ആപത്തും വരുമോ എന്ന് ഭയപ്പെട്ട അദ്ദേഹം ഓത്തു നിര്‍ത്തി മേല്‍പോട്ടു നോക്കുമ്പോള്‍ മേഘം കണക്കെ ഒരു വസ്തു കാണുകയും അതില്‍ പ്രതീപങ്ങള്‍ കണക്കെ എന്തോ ചിലത് കാണുകയും ചെയ്തു. ഉസൈദ് ഈ വിവരം പ്രവാചകരെ അറിയിച്ചു. അവിടന്നു പറഞ്ഞു: അവ മലക്കുകളാണ്. താങ്കളുടെ ഓത്തിന്റെ ശബ്ദം കാരണമായിട്ടാണ് അവ വന്നിരിക്കുന്നത്. താങ്കള്‍ രാവിലെ വരെയും ഓതുകയായിരുന്നുവെങ്കില്‍ അവ രാവിലെയും ശേഷിക്കുമായിരുന്നു (ബുഖാരി). ഇതുപോലെയുള്ള വേറെയും സംഭവങ്ങള്‍ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ഖുര്‍ആന്‍ പാരായണമെന്നത് അല്ലാഹു മനുഷ്യന്  നല്‍കിയ ഒരു ബഹുമാനമാണ്. അത് മലക്കുകള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. മലക്കുകള്‍ മനുഷ്യരില്‍നിന്നും ഖുര്‍ആന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്' (ഖസീനത്തുല്‍ അസ്‌റാര്‍).


ശ്രോതാക്കളില്‍ ഖുര്‍ആന്‍ വരുത്തിയ പരിവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. സാന്ദര്‍ഭികമായി ചിലത് ഇവിടെ ഹ്രസ്വമായി അവതരിപ്പിക്കാം:
ദൗസ് കുലത്തിലെ ഥുഫൈല്‍ ബിന്‍ അംറ് പ്രതിഭാധനനായ കവിയായിരുന്നു. സ്വന്തം ഗോത്രത്തില്‍ നല്ല സ്വാധീനമുള്ള വ്യക്തി. അദ്ദേഹം ഒരിക്കല്‍ മക്കത്തു വരികയുണ്ടായി. ഹിജ്‌റയുടെ മുമ്പാണ് സംഭവം. ഖുറൈശീ സംഘം അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: ഥുഫൈല്‍, ഞങ്ങള്‍ക്കൊരു ആപത്ത് വന്നു ചേര്‍ന്നിരിക്കുന്നു. അത് നിന്നെയും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു. ഈ മുഹമ്മദെന്ന മനുഷ്യന്‍ വല്ലാത്തൊരു തലവേദനയാണ് ഞങ്ങള്‍ക്ക്. അവന്‍ ഞങ്ങളില്‍ അനൈക്യം സൃഷ്ടിച്ചിരിക്കയാണ്. ആയതിനാല്‍, താങ്കള്‍ അവനോട് ഒരക്ഷരം മിണ്ടരുത്. അവനില്‍നിന്നും യാതൊന്നും കേള്‍ക്കുകയുമരുത്. കഥാപുരുഷനായ ഥുഫൈല്‍ പറയുന്നു: ഇക്കാര്യത്തില്‍ അവരുടെ സമ്മര്‍ദ്ധം അത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. 'ഒരക്ഷരവും അദ്ദേഹത്തോടു ഞാന്‍ സംസാരിക്കുകയില്ല.' അങ്ങനെ, കുറച്ചു പഞ്ഞിയെടുത്തു കര്‍ണ്ണ സുഷിരങ്ങള്‍ നന്നായി അടച്ചു. അദ്ദേഹത്തില്‍നിന്ന് ഒരു വാക്കും കേള്‍ക്കില്ല. ഞാന്‍ മനസ്സാല്‍ കരുതി മസ്ജിദുല്‍ ഹറമിലേക്കു പുറപ്പെട്ടു. പള്ളിയിലെത്തിയപ്പോള്‍ തിരുമേനി നിസ്‌കരിക്കുകയാണ്. അതിന്റെ ഏതാനും അടുത്തായി ഞാന്‍ നില്‍ക്കുമ്പോള്‍ അനുയായികളില്‍നിന്നും എങ്ങനെയോ ഖുര്‍ആനിന്റെ ചില വചനങ്ങള്‍ ഞാന്‍ അറിയാതെ കേട്ടുപോയി. വല്ലാത്ത വചനങ്ങള്‍ തന്നെയായിരുന്നു അത്. എന്തും വരട്ടെ, അല്‍പമെങ്കിലും അതു കേള്‍ക്കുക തന്നെ വേണമെന്ന് ഞാനപ്പോള്‍ തീരുമാനിച്ചു. അങ്ങനെ പ്രവാചകരെ നേരില്‍ കണ്ട് താന്‍ മക്കത്തു വന്നതിനു ശേഷമുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു.  പ്രവാചകര്‍ ഉടനെ ഥുഫൈലിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ശേഷം, സൂറത്തുല്‍ ഇഖ്‌ലാസും മുഅവ്വിദത്തൈനിയും ഓതിക്കൊടുത്തു. ഥുഫൈലിന്റെ ഹൃദയത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റടിച്ചു. 'വല്ലാത്തൊരു വാചകം! ഇതുപോലൊത്തൊന്ന് ഞാന്‍ മുമ്പ് കേട്ടിട്ടേ ഇല്ല.' അദ്ദേഹത്തിന്റെ അധരങ്ങള്‍ മന്ത്രിച്ചു.  ഥുഫൈല്‍ മുസ്‌ലിമായി തന്റെ ഗോത്രത്തിലേക്കു തിരിച്ചുപോയി. തന്റെ ശ്രമഫലമായി ദൗസ് ഗോത്രത്തിലെ നിരവധി പേര്‍ ഇസ്‌ലാമിലേക്കു കടന്നുവന്നു. അബൂ ഹുറൈറ (റ) അവരില്‍ പ്രധാനിയാണ്.


ആകര്‍ഷകമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന വ്യക്തിയായിരുന്നു അബൂബക്ര്‍ (റ). പാരായണം തുടങ്ങിയാല്‍ അദ്ദേഹം നിയന്ത്രണാതീതമായി കരയുമായിരുന്നു. അബ്‌സീന പലായനത്തില്‍ ഇബ്‌നുദ്ദഗിന എന്നയാള്‍ അദ്ദേഹവുമായി കണ്ടുമുട്ടി. നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. ഇതുകണ്ടപ്പോള്‍ ഖുറൈശികള്‍ ഇബ്‌നു ദ്ദഗിനയോടായി പറഞ്ഞു: അവന്റെ നിസ്‌കാരവും ആരാധനയുമെല്ലാം അവന്റെ വീട്ടില്‍ വെച്ചായിരിക്കണം. അവിടെ ഇഷ്ടാനുസരണം ഖുര്‍ആന്‍ പാരായണം ചെയ്തുകൊള്ളട്ടെ. പരസ്യമാക്കരുത്. ഞങ്ങളുടെ സ്ത്രീകളും കുട്ടികളുമെല്ലാം ആ കുഴപ്പത്തില്‍ പെട്ടുപോവുകയാണ്. ഇത്താക്കാര്യം നീ അബൂ ബക്‌റിനോട് പറയണം. കുറച്ചുകാലം അബൂബക്ര്‍ (റ) ഇതനുസരിച്ച് ജീവിച്ചു. പിന്നീട് തന്റെ വീട്ടു മുറ്റത്ത് ഒരു പള്ളിയുണ്ടാക്കി. നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും അതിലേക്കുമാറ്റി. അതോടെ, അദ്ദേഹത്തിന്റെ പാരായണം കേള്‍ക്കാന്‍ അടുത്ത സ്ത്രീകളും കുട്ടികളും തിങ്ങി നിറയാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്കു വെപ്രാളമായി. ഇബ്‌നുദ്ദഗിനയുടെ അടുക്കല്‍ ചെന്ന് അവര്‍ അബൂബക്‌റിന്റെ സംരക്ഷണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമത് പിന്‍വലിച്ചതോടെ അവര്‍ അദ്ദേഹത്തിനു നേരെ അസഭ്യം പറഞ്ഞും തലയില്‍ മണ്ണ് വാരിയിട്ടും ആക്രമണ മുറകളുമായി കടന്നുവന്നു.


ഖുറൈശികളെ പ്രതിനിധീകരിച്ച് ഉത്ബത്തു ബിന്‍ റബീഅ ഒരിക്കല്‍ പ്രവാചകരുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. പ്രബോധന ദൗത്യത്തില്‍നിന്ന് തന്റെ കഠിനശത്രുവായ പ്രവാചകനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഉത്ബത്ത് പറഞ്ഞു: എന്റെ സഹോദരപുത്രാ, നീ ഞങ്ങളില്‍പെട്ട വലിയ തറവാട്ടുകാരനും ഗോത്രമഹിമയുള്ള ആളുമാണെല്ലോ. അതിഭീകരമായ ഒരു കാര്യവുമായാണ് നീ നിന്റെ സമുദായത്തെ സമീപ്പിച്ചിരിക്കുന്നത്. അവരുടെ സംഘടിത ശക്തി നീ ശിഥിലമാക്കി. അവരിലെ ബുദ്ധിമാന്മാരെ വിഡ്ഢികളാക്കി. അവരുടെ ദൈവത്തെയും മതത്തെയും നീ ആക്ഷേപിച്ചു. അവരുടെ പൂര്‍വ പിതാക്കളെ നീ കാഫിറാക്കി. ആയതിനാല്‍ എനിക്ക് ചില കാര്യങ്ങള്‍ പറയാണുണ്ട്. നീയത് കേള്‍ക്കണം.
'പറയുക. ഞാനത് കേള്‍ക്കാം'. പ്രവാചകന്‍ പറഞ്ഞു.
''നിന്റെ ഈ പുതിയ മതത്തിന്റെ പിന്നിലെ ഉദ്ദേശ്യം സാമ്പത്തികമാണെങ്കില്‍ ഞങ്ങള്‍ നിന്നെ ഞങ്ങളിലെ ഏറ്റവും വലിയ സമ്പന്നനാക്കാം. ഇനി, പദവിയാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ ഞങ്ങളുടെ നേതാവാക്കാം.  അതല്ല, ഇതൊന്നുല്ലാത്ത മറ്റു വല്ല സ്വപ്നവുമാണ് ഇതിനു പിന്നിലെങ്കില്‍ ഞങ്ങളുടെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് നിന്നെ ചികിത്സിക്കാം.
പ്രവാചകന്‍ പറഞ്ഞു: കഴിഞ്ഞെങ്കില്‍ നിറുത്തുക. എനിക്കും ചിലത് പറയാനുണ്ട്. നീ അത് കേള്‍ക്കണം.


താമസിയാതെ, പ്രവാചകന്‍ ഖുര്‍ആനിലെ നാല്‍പത്തിയൊന്നാമത്തെ സൂറത്തായ ഫിസ്സ്വിലത്ത് ഓതിത്തുടങ്ങി. ആദ് സമുദായത്തിനുണ്ടായ ദുര്‍ഗതികളെല്ലാം പരാമര്‍ശിച്ച് പാരായണം മുന്നോട്ടു പോയി. എല്ലാം ശ്രവിച്ചു ഉത്ബത്ത് അടുത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സജദയുടെ ആയത്ത് വരെ അങ്ങനെ പ്രവാചകന്‍ ഓതി. കറ പുരളാത്ത, കടുത്ത ശിര്‍ക്ക് വാഴുന്ന ആ ഹൃദയ ലോകത്ത് അങ്ങനെ പ്രകമ്പനങ്ങളുണ്ടായി.
മടങ്ങിയെത്തിയ ഉത്ബത്തില്‍ പുതിയ മുഖം ദര്‍ശിച്ച കൂട്ടുകാര്‍ കാര്യം തിരക്കി. ഉത്ബത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ഞാന്‍ അവനില്‍ നിന്നും ചില വാചകങ്ങള്‍ ശ്രവിച്ചു. ദൈവമാണെ, അതൊരിക്കലും കവിതയോ ആഭിചാരമോ അല്ല. അതില്‍, എന്തോ വിസ്മയം തന്നെയുണ്ട്.


ഖുര്‍ആന്‍ പാരായണം കേട്ട ജിന്നുകള്‍ വരെ അല്‍ഭുതം പ്രകടിപ്പിക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു: ''ഇപ്രകാരം എനിക്ക് സന്ദേശം അറിയിക്കപ്പെട്ട ഒരു സംഘം ജിന്നുകള്‍ (ഖുര്‍ആന്‍) പാരായണം ശ്രദ്ധിച്ചുകേട്ടു. അങ്ങനെ അവര്‍ പറഞ്ഞു: നേര്‍മാര്‍ഗത്തിലേക്കു വഴികാണിക്കുന്ന അല്‍ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടു. അപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചു (72:1-2). ഖുര്‍ആന്‍ കേട്ട ശേഷം സ്വന്തം ജനങ്ങളില്‍ ചെന്ന് അവരെ താക്കീത് ചെയ്തതായുള്ള (46:29) ആയത്തും ഖുര്‍ആനിലുണ്ട്. മനുഷ്യരെപ്പോലെ ജിന്നുകളും ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ക്കതീതമല്ല.


അബൂജഹല്‍, ഉത്ബത്ത് തുടങ്ങിയവരെപ്പോലെത്തന്നെ ഇസ്‌ലാമിന്റെ ബദ്ധവൈരിയായിരുന്നു ആദ്യകാലത്ത് ഉമര്‍ (റ) വും. അദ്ദേഹം ഇസ്‌ലാം വിശ്വസിക്കാനുണ്ടായ കാരണം ഖുര്‍ആനിലെ ഇരുപതാമത്തെ അദ്ധ്യായമായ ത്വാഹാ സൂറത്ത് കേള്‍ക്കാന്‍ ഇടവന്നതായിരുന്നുവെന്നതാണ് സത്യം. മുസ്‌ലിമാണെന്ന് പുറത്തറിയാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മതപരിവര്‍ത്തനമുണ്ടായത്. എന്നിട്ടും അബൂജഹലിന്റെ അടുക്കല്‍ ചെന്ന് മുഖത്തു നോക്കി ഞാന്‍ ഇസ്‌ലാം മതം വിശ്വസിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കിയത് വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഇസ്‌ലാമിന്റെ ആദ്യകാല പ്രഭാവത്തിന്റെ പ്രഭവകേന്ദ്രം ഉമര്‍ (റ) വായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തിന് സ്വര്‍ഗം വാഗ്ദാനം ചെയ്യുകയുണ്ടായി.


ഇവയെല്ലാം ഇസ്‌ലാമിന്റെ ആദ്യകാല സുവര്‍ണ്ണ സംഭവങ്ങളാണ്. പില്‍ക്കാലത്തും ഖുര്‍ആന്റെ മാസ്മരിക ശക്തിയുടെ മകുടോദാഹരണങ്ങള്‍ വിരളമല്ല. ഇന്നും കുറവല്ലാത്തനിലയില്‍തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അവ പരസ്യമാകുന്നില്ലെങ്കിലും.



ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985 /എസ്.പി.സി, ചെമ്മാട്